വൈപ്പിന്‍ : വീടിനുള്ളില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറക്കലില്‍ മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെയാണ് കയ്യിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഞാറക്കല്‍ സെന്റ് മേരീസ് സ്കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ റിട്ട.അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ സെന്റ് മേരീസ് യുപി സ്കൂളിലെ അധ്യാപികയായിരുന്നു റീത്ത. മൂവരും മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിയിരുന്നതായി പോലീസ് പറയുന്നു.
ജോസും ജെസിയും ഒരു മുറിയില്‍, റീത്ത മറ്റൊരു മുറിയില്‍ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ് മൂവരേയും കണ്ടെത്തിയത്. ജോസിന്റെയും ജെസിയുടെയും കഴുത്തുകളില്‍ ചരടു കൊണ്ട് കുരുക്കുമിട്ടിരുന്നു. രണ്ടു ദിവസമായി വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നത് ശ്രദ്ധിച്ച വാര്‍ഡ് അംഗം എ.പി ലാലു ഞാറക്കല്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി വാതില്‍ പൊളിച്ച് അകത്ത് കയറി.
ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലുമായി കൈത്തണ്ട മുറിഞ്ഞു കിടക്കുന്നതാണ് കണ്ടത്. റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി. മൃതദേഹങ്ങള്‍ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കും. ഇതിന് ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.