കൊല്ലം : പത്തനാപുരത്ത് കാണാതായ മധ്യ വയസ്കന്‍റെ അസ്ഥികൂടം വനാതിര്‍ത്തിയില്‍ കണ്ടെത്തി. പുന്നല സ്വദേശി പ്രകാശിന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പാമ്പിരി കോണത്ത് പ്രണവ് നിവാസില്‍ പ്രകാശിനെ ഒരു മാസമായി കാണാതായിരുന്നു. 51 വയസുകാരനായ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്നു.
കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണു അസ്ഥികൂടം ആദ്യം കണ്ടത്. വനത്തോട് ചേര്‍ന്നുള്ള ആഞ്ഞിലി തോട്ടത്തില്‍ അസ്ഥികൂടം, ഷര്‍ട്ട്, കൈലി, സ്കൂട്ടറിന്‍റെ താക്കോല്‍, മരത്തില്‍ കെട്ടിയ കയര്‍ എന്നിവ കണ്ടെത്തി. പുന്നല ഫോറസ്റ്റ് ഉദ്യോഗസ്ഥരും പത്തനാപുരം പോലീസും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി അസ്ഥികൂടം പരിശോധനക്കായി മാറ്റി. പരേതനായ വേലായുധന്‍റെയും കമലാക്ഷിയുടെയും മകനാണ് പ്രകാശ്. രേണുകയാണ് ഭാര്യ. പ്രണവ്, പ്രവീണ എന്നിവര്‍ മക്കളാണ്.