റായ്പ്പൂര്‍ : ഛത്തീസ്ഗഢില്‍ വനിത ജില്ലാ ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 55 കാരിയായ കാന്ത മാര്‍ട്ടിനെ വീട്ടിലെ സീലിങ് ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഛത്തീസ്ഗഢിലെ മുങ്ങേലി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നേരത്തെ ഭക്ഷണം കഴിച്ച ശേഷം കുക്കിനോടും ജോലിക്കാരനോടും വീട്ടില്‍ പോകാന്‍ ഇവര്‍ ആവശ്യപ്പട്ടിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ കുക്ക് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അതിന് പിന്നാലെ ഇവര്‍ വല്ലാതെ വിഷാദാവസ്ഥയിലായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.