തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി അജി (42), വെയിലൂർ ശാസ്തവട്ടം സ്വദേശികളായ എസ്.സുധി (42), സുനി (48),എസ് ശിവകുമാർ (45) എന്നിവരാണ് പിടിയിലായത്. ഗൾഫിൽ നിന്നു അവധിക്കെത്തിയ വെയിലൂർ ശാസ്തവട്ടം സ്വദേശി വിഷ്ണുവും സുഹൃത്ത് ശ്രീജുവും തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകുംവഴി സുധി തന്‍റെ വീട്ടിലേക്ക് മദ്യപിക്കാൻ ക്ഷണിച്ചു. അവിടെവെച്ച് പ്രതികളുമായി വിഷ്ണുവും ശ്രീജുവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ ഇവരെ മർദ്ദിക്കുകയുമായിരുന്നു.
കയ്യാങ്കളിക്കൊടുവിൽ അജിയുടെ കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് ശ്രീജുവിനെ വെട്ടാൻ ശ്രമിച്ചപ്പോൾ ശ്രീജു വീടിന് പുറത്തേക്ക് ഓടി. തുടർന്ന് പ്രതികൾ വിഷ്ണുവിനെ ചവിട്ടി നിലത്തിടുകയും തലയിലും ഇരുകൈമുട്ടുകളിലും കാലുകളിലും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരാതിക്കാർ പ്രതികളുമായി അടുപ്പമുള്ളവരാണെന്നും സമീപവാസികളായ പ്രതികളെ വീടിനടുത്ത് നിന്നാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.