തലശേരി : തലശേരിയില്‍ ബിജെപി പൊതുറാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലയാട് സ്വദേശി ഷിജില്‍, കണ്ണവം സ്വദേശികളായ ആര്‍ രംഗിത്, വി.വി ശരത്, മാലൂര്‍ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പതിനഞ്ചുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നാം തീയതിയാണ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ ബിജെപിയും യുവമോര്‍ച്ചയും പൊതുറാലി സംഘടിപ്പിച്ചത്. റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രവാക്യം വിളിച്ചെന്നാണ് കേസ്. കണ്ടാലറിയാവുന്ന 25 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143, 147, 153 എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വിഷയത്തില്‍ മുഖ്യമന്ത്രിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തലശേരിയിലെ ആര്‍എസ്എസ് പ്രകടനത്തില്‍ കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കേട്ടുവെന്നും വസ്ത്രം, ഭക്ഷണം തുടങ്ങിയവയില്‍ ആര്‍എസ് എസ് കടന്നാക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല എന്നായിരുന്നു മുദ്രാവാക്യത്തിലെ വാക്കുകള്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയിരുന്നു.