ചാവക്കാട്: തൃശ്ശൂർ ചാവക്കാട് പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന നിരോധിതവലയുമായി മത്സ്യബന്ധനം നടത്തിയ നാലു വള്ളങ്ങൾ പിടികൂടി. പഞ്ചവടി തീരക്കടലിൽ പോത്തൻ വലകൾ ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന നാലു മത്സ്യബന്ധന യാനങ്ങളെയാണ് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻറ് സംഘം സ്വകാര്യ ഫൈബർവള്ളത്തിലെത്തി പിടികൂടിയത്. അണ്ടത്തോട് സ്വദേശിയായ മാമതിൻറെ ബദരിയ ഒന്ന്, രണ്ട് വള്ളങ്ങളും ചാവക്കാട് മണത്തല സ്വദേശിയായ രമേഷിൻറെ രജിസ്ട്രേഷൻ നടത്താത്ത രണ്ടു വള്ളങ്ങളുമാണു പിടിച്ചെടുത്തത്. നിരോധിച്ച ഡബിൾനെറ്റ് പോത്തൻവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ യാനങ്ങളെ കണ്ടുകെട്ടി. പുലർച്ചെ മുതൽ പഞ്ചവടി ബീച്ച് തീരക്കടലിൽ രണ്ടു വള്ളങ്ങൾ ചേർന്നു പെയർ ട്രോളിംഗ് നടത്തുന്നതായി പരമ്പരാഗത വഞ്ചിക്കാർ ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.
തീരമേഖലകളിൽ അനധികൃതമത്സ്യബന്ധനം നടക്കുന്നതു കണ്ടെത്താൻ അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പുലർച്ചെ മുതൽ കടലിൽ ശക്തമായ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പോത്തൻവല മത്സ്യബന്ധനം അറിയുന്നത്. വള്ളത്തി ൽ ഉണ്ടായിരുന്ന ചെമ്മീൻ ലേലംചെയ്തു കിട്ടിയ കാൽ ലക്ഷം രൂപ സർക്കാരിലേക്ക് അടച്ചു.വള്ളങ്ങളുടെ ഉടമകൾക്കെതിരെ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടി പൂർത്തിയാക്കി, പിഴ ചുമത്തും. അഴിക്കട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ്വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. നിരോധിച്ച മത്സ്യബന്ധനം നടത്തിയാൽ കർശനനടപടി തുടരുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ അറിയിച്ചു.