ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ കുഷൈഗുഡ പ്രദേശത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രണ്ട് കുട്ടികളും മാതാപിതാക്കളുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവമെന്നും അന്വേഷണം ആരംഭിച്ചെന്നും കുഷൈഗുഡ പോലീസ് അറിയിച്ചു. സതീഷ്, ഭാര്യ വേദ, ഇവരുടെ രണ്ട് മക്കളായ 5 വയസ്സുള്ള നിഹാല്‍, 9 വയസ്സുള്ള നിഷികേത് എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
രണ്ട് കുട്ടികള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യം സ്ഥിരീകരിച്ചതിനാല്‍ ഇവര്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം ഭേദമായില്ല. ഇതോടെ മാതാപിതാക്കള്‍ കടുത്ത വിഷാദത്തിലേക്ക് വഴുതിവീണു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി കുഷൈഗുഡ പോലീസ് സ്റ്റേഷനിലെ വെങ്കിടേശ്വര് ലു പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിലവില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.