പന്തളം : ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം മാത്രമാണ് ഇനിയും ശേഷിക്കുന്നത്. തീർഥാടകർ എത്തിത്തുടങ്ങുമ്പോൾ അവർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ പണികളാരംഭിക്കുകയാണ് മുൻ വർഷങ്ങളിലെ പതിവ്. അത് ഇത്തവണയും തെറ്റിക്കാനിടയില്ലെന്നാണ് ആക്ഷേപം. നഗരസഭ അന്നദാനമണ്ഡപത്തിന് സമീപം ഒരു ശൗചാലയ ബ്ലോക്ക് പണി തുടങ്ങി പകുതിയായപ്പോൾ നിർത്തി. ഇനിയും അടുത്ത പദ്ധതിയിലുൾപ്പെടുത്തി ബാക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ. ഇത്തവണയും ഇതിന്റെ പ്രയോജനം തീർഥാടകർക്ക് ലഭിക്കുമോയെന്ന് കണ്ടറിയണം. അന്നദാനമണ്ഡപത്തിന് സമീപത്തായി ദേവസ്വം ബോർഡിന്റെ ശൗചാലയമാണ് ഇപ്പോൾ തീർഥാടകർക്കായി തുറന്നുകൊടുക്കാറുള്ളത്.
വർഷങ്ങൾമുമ്പ് പണിത ശൗചാലയത്തിന്റെ സ്ഥിതി വളരെ മോശമാണ്. ഇത് പൊളിച്ചുമാറ്റി പുതിയത് പണിയണമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായി. നടക്കുന്നില്ലെന്ന് മാത്രം. പാർക്കിങ്ങിന് സ്ഥലം ഇല്ലാതെവന്നപ്പോൾ നഗരസഭാ കൗൺസിലർ മുൻകൈയെടുത്ത് കുഴിയായിക്കിടന്ന കുറച്ചുസ്ഥലം മണ്ണിട്ടുനികത്തി പാർക്കിംഗ് സ്ഥലം ഒരുക്കിയെങ്കിലും അതിന്റെ തുകയായ നാലരലക്ഷത്തോളം രൂപ ഇനിയും കരാറുകാരന് നൽകിയിട്ടില്ല. വെള്ളക്കെട്ടായി കിടന്ന സ്ഥലം മണ്ണിട്ട് നികത്തി വൃത്തിയാക്കണമെന്നുള്ള നാട്ടുകാരുടെ വളരെനാളായുള്ള ആവശ്യത്തിന് പരിഹാരം കൂടിയായിരുന്നു മണ്ണിട്ടുയർത്തലെന്ന് കൗൺസിലർ പി.കെ. പുഷ്പലത പറഞ്ഞു. ഒരുവർഷം കഴിഞ്ഞിട്ടും പണം കരാറുകാർക്ക് നൽകിയിട്ടില്ല.