ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചര്‍ച്ചയിലാണ് പുതിയ കരാറുകള്‍ക്ക് ധാരണയായത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മിലുള്ള ദീര്‍ഘകാല എല്‍എന്‍ജി വിതരണത്തിനുള്ള ദീര്‍ഘ കാല കരാറാണ് പ്രധാനപ്പെട്ടത്. ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡുമായും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജിയും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അബുദാബി ഓണ്‍ഷോര്‍ ബ്ലോക്കും ഊര്‍ജ ഭാരതും തമ്മിലാണ് നാലാമത്തെ കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരും അബുദാബി ഡെവലപ്മെന്റല്‍ ഹോള്‍ഡിംഗ് കമ്പനിയും ഒപ്പു വെച്ചു.
ഗാസയിലെ സാഹചര്യം ഉള്‍പ്പെടെ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്ഖ് ഖാലിദ് രാജ്ഘട്ടില്‍ ആദമര്‍പ്പിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഖാലിദിനെ ഹൈദരാബാദ് ഹൗസിലാണ് മോദി സ്വീകരിച്ചത്. ഉറ്റ സുഹൃത്തിന് ഊഷ്മള സ്വാഗതമെന്ന് മോദി എക്സില്‍ കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച ശേഷം നാളെ നടക്കുന്ന പരിപാടികള്‍ക്കായി മുംബൈയിലേയ്ക്ക് പോകും. ഫെബ്രുവരിയില്‍ മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.