ന്യൂഡല്‍ഹി: രാജ്യത്തെ നാല് ചക്രവാഹനങ്ങളില്‍ 2021 ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം. നേരത്തേ പുതിയ വാഹനങ്ങളില്‍ മാത്രമായിരുന്നു ഈ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നതെങ്കില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് 2017 ഡിസംബര്‍ ഒന്നിന് മുമ്ബുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നല്‍കണം. പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും വാഹനങ്ങള്‍ക്ക് തടസമില്ലാതെ കടന്നുപോകാന്‍ കഴിയുമെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫാസ്ടാഗിന് പുറമെ നേരിട്ട് പണം നല്‍കുന്ന സംവിധാനവും ഉള്ളതിനാലാണ് പല ടോളുകളിലും വലിയ ട്രാഫിക് ഉണ്ടാകുന്നത്.
ഇതിനൊപ്പം 2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് അനുവദിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്ടാഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇന്‍ഷുറന്‍സ് ഫോമില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ ഒന്ന് മുതല്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ നിര്‍ദ്ദേശം അനുസരിച്ച് പഴയ വാഹനത്തില്‍ നല്‍കുന്നതിനൊപ്പം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് വേണം. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.
എന്താണ് ഫാസ്ടാഗ്
പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്‌ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.
വാഹനങ്ങളിലെ ഫാസ്ടാഗിനെ ആര്‍എഫ്‌ഐഡി റീഡര്‍ വഴി റീഡ് ചെയ്ത് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇവിടെ. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇതു വഴി സാധ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസയിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അഥോറിറ്റി നടപ്പിലാക്കുന്നത്.
ഫാസ് ടാഗിന്റെ നേട്ടങ്ങള്‍
ടോള്‍ നല്‍കുന്നതിന് വാഹനങ്ങളുടെ കാത്തുനില്‍പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിര്‍ത്താതെതന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓണ്‍ലൈന്‍ സേവനം വഴിയുള്ള ഇടപാട് ആയതിനാല്‍ പണം കയ്യില്‍ കരുതേണ്ടതില്ല.
ഇലക്‌ട്രോണിക് ടോള്‍ കലക്‌ഷന്‍ സംവിധാനമായ ഫാസ്ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാം. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അഥോറിറ്റി നിര്‍ദ്ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ്ഡായി ചുരുങ്ങും. നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ മണിക്കൂറില്‍ 240 വാഹനങ്ങള്‍ക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങള്‍ക്കുവരെ കടന്നുപോകാനാകും.
ഫാസ്ടാഗ് എങ്ങനെ വാങ്ങാം
പുതിയ വാഹനങ്ങളില്‍ ഡീലര്‍ തന്നെ ഫാസ്ടാഗ് വച്ചു നല്‍കുന്നുണ്ട്. രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഉപയോഗിക്കാവുന്ന, വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോള്‍പ്ലാസകളില്‍നിന്നും മുന്‍നിര ബാങ്കുകളില്‍നിന്നും വാങ്ങാം. മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതില്‍ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടില്‍ നിക്ഷേപിക്കും. ആര്‍സി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമര്‍പ്പിച്ചാല്‍ ഫാസ്ടാഗ് ലഭിക്കും. അഞ്ചുവര്‍ഷം കാലാവധിയാണ് ഫാസ്ടാഗ് അക്കൗണ്ടിനുള്ളത്. മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടില്‍ ലോഗ്‌ഇന്‍ ചെയ്ത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം. ഉടന്‍ തന്നെ ഇതിനായി ഒരു ആപ്പും പുറത്തിറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ഇളക്കി മറ്റൊരു വാഹനത്തില്‍ പിടിപ്പിക്കാനാവില്ല.