മല്ലപ്പള്ളി : ഗ്രാമപ്പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറി കീഴ്വായ്പൂര് എട്ടാം വാർഡിലാണ്. ഈ കേന്ദ്രം ആശുപത്രിയായി ഉയർത്താനായി 1.40 കോടി രൂപ ചെലവഴിച്ച് ഇതേ വളപ്പിൽ മറ്റൊരു കെട്ടിടം നിർമിച്ചിട്ട് വർഷം നാല് കഴിഞ്ഞു. 2020 ഓഗസ്റ്റ് 26-ന് ഉദ്‌ഘാടനം ചെയ്ത മന്ദിരം ഇതേവരെ തുറന്നിട്ടില്ല. ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ തസ്തിക അനുവദിക്കാത്തതാണ് തടസ്സത്തിന് കാരണം. ജില്ലയിൽനിന്ന് ആരോഗ്യമന്ത്രി ഉണ്ടായിട്ടും ഇക്കാര്യത്തിൽ നീക്കമുണ്ടായിട്ടില്ല. രണ്ട് നിലകളിലായി 20 കിടക്കകൾ ഇടാവുന്ന വാർഡ്, പഞ്ചകർമ തിയേറ്റർ, തിരുമ്മ്-ഉഴിച്ചിൽ സൗകര്യം, പരിശോധനാമുറി, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുറികൾ, ഫാർമസി, സ്റ്റോർ, ഭക്ഷണശാല, സന്ദർശകമുറി, 12 ശൗചാലയങ്ങൾ എന്നിവ പൊടിപിടിച്ചുകിടക്കുന്നു. ഏഴായിരം ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വിസ്താരം. മാത്യു ടി.തോമസ് എം.എൽ.എ.യുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാണ് പണിക്ക് വിനിയോഗിച്ചത്.
മുകൾനിലയുടെ ബാക്കിഭാഗംകൂടി പൂർത്തിയാകുമ്പോൾ 30 കിടക്കകളോടെ താലൂക്ക് ആശുപത്രിയാകും എന്നാണ് പറഞ്ഞിരുന്നത്. രണ്ടും മൂന്നും നിലകളും കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ എന്നിവയും തീർക്കും. ആയുഷ് യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, തെറാപ്പിസ്റ്റ് പരിശീലനം, ഔഷധസസ്യക്കൃഷി എന്നിവ നടത്തും. ആയുഷ് മന്ത്രാലയത്തിന്റെ ബ്ലോക്ക് റിസോഴ്സ് സെന്ററാക്കും- എന്നൊക്കെയായിരുന്നു പണി തുടങ്ങുമ്പോഴുള്ള മറ്റ് പ്രഖ്യാപനം. എന്നാൽ കിടക്കകളും മറ്റ് ഉപകരണങ്ങളുംപോലും ഇന്നേ വരെ എത്തിച്ചിട്ടില്ല. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഈ ആശുപത്രി പരിസരത്ത് ഒരു ഔഷധസസ്യത്തോട്ടം ഒരുക്കി. അധികനാൾ കഴിയുംമുമ്പ് ഇല്ലാതെയുമായി. ഇപ്പോൾ കുന്നുപോലെ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ് ഇവിടെ. ഇത് നീക്കംചെയ്ത് ചുറ്റുമതിൽകൂടി നിർമിച്ചാൽ മരുന്നുചെടികൾ നടാനും മറ്റ് കാര്യങ്ങൾക്കും ഉപകരിച്ചേനേ.