കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിടുതല്‍ ഹര്ജി നില്‍കിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോടതിയില്‍ തിരിച്ചടി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് ജില്ലാ കോടതിയാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹര്‍ജി തള്ളിയത്. ഫ്രാങ്കോ മുളയ്‌ക്കല്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീര്ക്കാനാണ് കേസെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. അതുകൊണ്ട് തന്നെ വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹര്ജി നല്‍കിയത്.
ഇരുവിഭാഗങ്ങളുടേയും വാദം വിശദമായി കേട്ടാണ് കോടതി തീരുമാനം. ബിഷപ്പിനെതിരെ തെളിവുകള്‍ ഉണ്ടെന്നും വിചാരണ നേരിടണമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി . അതേ സമയം വിടുതല്‍ ഹര്ജിയുമായി മേല്‍കോടതിയെ സമീപിക്കാനാണ് ബിഷപ്പിന്റെ തീരുമാനം.
രഹസ്യ വിചാരണ വേണമെന്ന ബിഷപ്പിന്റെ വാദത്തില്‍ കോടതി വിധി പിന്നീട് പറയും. മറ്റൊരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്ത്തി നല്‍കുകയായിരുന്നു എന്നാണ് ബിഷപ്പിന്റെ ആരോപണം. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഫ്രാങ്കോ മുളക്കല്‍ ആരോപിച്ചിരുന്നു.