മലപ്പുറം: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. തച്ചറയില്‍ ഹിലാല്‍ മുഹമ്മദ് കുട്ടി (34) യാണു പിടിയിലായത്. കരസേന രഹസ്യാന്വേഷണ വിഭാഗവും മുംബൈ ക്രൈംബ്രാഞ്ചും ചേര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു നിന്ന് മുംബൈ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ ചാനലിലൂടെ പോകേണ്ട രാജ്യാന്തര ഫോണ്‍ കോളുകള്‍ വഴിമാറ്റി പണം തട്ടിയിരുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍. ചൈന സ്വദേശിനി അലിഷയാണു റാക്കറ്റ് നടത്തിയിരുന്നതെന്നും ഹിലാല്‍ ആണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
ചങ്ങരംകുളവും യുപിയില്‍ നോയിഡയും ആയിരുന്നു പ്രവര്‍ത്തന കേന്ദ്രങ്ങള്‍. സെര്‍വര്‍ ചൈനയിലും. സയന്‍സ് ബിരുദത്തിനു ശേഷം എട്ട് വര്‍ഷം മുന്‍പ് യുഎഇയില്‍ ജോലിക്കു പോയെന്നും 2017ല്‍ അവിടെവച്ചാണ് അലിഷയെ പരിചയപ്പെട്ട് തട്ടിപ്പിന്റെ ഭാഗമായതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.