പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ആനന്ദിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി പോലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. സർക്കാർ 64 കോടി രൂപ അനുവദിച്ചതായി വ്യാജ രേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരെ ആനന്ദ് തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി.
പാലക്കാട് സ്വദേശി ആനന്ദ് രാമകൃഷ്ണൻ സർക്കാരിൽനിന്ന് 64 കോടി രൂപ ലഭിക്കാനുണ്ടെന്നു വരുത്താൻ മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിന്റെ വ്യാജ പകർപ്പ് ചമച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. മന്ത്രി മുഹമ്മദ് റിയാസിന് 98,000 രൂപ കൈക്കൂലി നല്കിയെന്ന വ്യാജ സ്ക്രീൻഷോട്ടും ഇയാളുണ്ടാക്കിയിരുന്നു. മോർഫിങ് വിഡിയോയുടെ പേരില്‍ പ്രതി 61 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
മോർഫിങ് വീഡിയോയിൽ സഹായിക്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുക്കുക. അത് തിരികെ നൽകാമെന്ന് ഉറപ്പുവരുത്താനായി തനിക്ക് സർക്കാരില്‍നിന്ന് 64 കോടി കിട്ടാനുണ്ടെന്ന് പറയുക. വിശ്വസിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിന്റെ വ്യാജപകർപ്പുണ്ടാക്കി കാണിക്കുക. പാലക്കാട്ട് നടന്നത് തട്ടിപ്പിന്‍റെ പുതിയ വേർഷനാണ്. ലാപ്ടോപ്പും മൊബൈൽ ഫോണും സർവീസ് ചെയ്യാന്‍ നല്കിയ പരിചയമാണ് മുതുതല സ്വദേശിയായ ഇരയ്ക്ക് ആനന്ദ് രാമക്യഷ്ണനുമായുള്ളത്. ഒരു ദിവസം അജ്ഞാതനമ്പറിൽ നിന്ന് ഇരയ്ക്ക് തന്റെ അമ്മയുടെയും സഹോദരിയുടെയും മോർഫ് ചെയ്ത ദൃശ്യങ്ങൾ ലഭിച്ചു. എന്തു ചെയ്യണമെന്നറിയാന്‍ സാങ്കേതിക കാര്യങ്ങളില്‍ ധാരണയുള്ള ആനന്ദിനെ ഇയാള്‍ സമീപിച്ചു. ഹാക്കർമാരാണ് ഇതിനു പിന്നിലെന്ന് വിശദീകരിച്ച ആനന്ദ് പ്രശ്നം പരിഹരിക്കാനെന്ന് പറഞ്ഞ് പല ഘട്ടങ്ങളിലായി 61 ലക്ഷം തട്ടിയെടുത്തു.