കണ്ണൂര്‍ : പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് നല്‍കിയ കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ യോഗശാല റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഎഫ്ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കയരളം സ്വദേശി കെ വി ശ്രീകുമാറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്ലസ് ടു, ഡിഗ്രി പഠനത്തിന് ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് 2018ല്‍ അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവരില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. രണ്ട് പേരില്‍ നിന്ന് ഇയാള്‍ 2,27,100 രൂപ പല തവണകളായി വാങ്ങിച്ചിരുന്നു. പണം കൈപറ്റിയ ശേഷം പഠനം കഴിഞ്ഞ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ സർട്ടിഫിക്കേറ്റ് നൽകാതെ ഇവര്‍ക്ക് 2015 ലെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും 2015 – 2018 കാലഘട്ടത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ച് നല്‍കി ഇയാള്‍ വഞ്ചിക്കുകയായിരുന്നു.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്ന് വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിച്ചത്. തട്ടിപ്പ് തിരിച്ചറിയാതിരിക്കാന്‍ പരാതിക്കാരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പ്രതി പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ സ്ഥാപനത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായി അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.