ചെന്നൈ : കൂട്ടിലടച്ച സിബിഐയെ തുറന്നുവിടണമെന്ന് മദ്രാസ് ഹൈക്കോടതി. പാർലമെന്റിന് മാത്രം റിപ്പോർട്ടുകൾ സമർപ്പിക്കുന്ന സ്വതന്ത്ര സംവിധാനമായി സിബിഐ പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ ബിജെപി ഉപയോഗിക്കുന്ന ആയുധമായി സിബിഐ മാറിയെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്തമുള്ള കണ്‍ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) അതേ നിലയിലുള്ള സ്വയംഭരണാവകാശം സിബിഐയ്ക്ക് ഉണ്ടായിരിക്കണം. കൂട്ടിലടച്ച തത്തയായ സിബിഐ തുറന്നുവിടാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. പൊൻസി അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.
രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് പരിഗണിക്കാനാകില്ല എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ആള്‍ക്ഷാമമുണ്ടെന്നും കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ഇത്തരത്തിലൊരു മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഹര്‍ജി കോടതി തള്ളിയെങ്കിലും സിബിഐയുടെ അടിസ്ഥാന സ്വഭാവം മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. സിബിഐയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അറിയിക്കണമെന്നും കോടതി നിർദേശം നൽകി.