കോട്ടയം: ലോക് ഡൗണ്‍ കാലത്ത് (മെയ് മൂന്നുവരെ) കോട്ടയം ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ വൃക്ക രോഗികള്‍ക്കും സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
നിലവില്‍ സൗജന്യ ഡയലാസിസിന് സൗകര്യമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി എന്നിവയ്ക്കു പുറമെ സ്വകാര്യ ആശുപത്രികളിലും ഇതിന് ക്രമീകരണമേര്‍പ്പെടുത്തും. ലോക് ഡൗണ്‍ കാലത്ത് ഒരു ഡയാലിസിസിന് 950 രൂപ വീതം ജില്ലാ പഞ്ചായത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും. ഡയാലിസിസ് കിറ്റും ഡയാലിസിസ് ചെയ്യുന്നതിനുള്ള ചിലവുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനുബന്ധ ചിലവുകള്‍ രോഗികള്‍ വഹിക്കേണ്ടതാണ്.
അര്‍ഹരായവര്‍ നിലവില്‍ ഡയാലിസിസിന് വിധേയരാകുന്ന ആശുപത്രികളില്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതിയാകും. കാരുണ്യ, ഇ.എസ്.ഐ, ഇ.സി.എച്ച്.എസ്, സ്വകാര്യ ഇന്‍ഷുറന്‍സ് എന്നിവയുടെ ക്ലെയിം ഉള്ളവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.