തിരുവനന്തപുരം : അടുത്തവർഷം മുതലുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുമെന്നും എല്ലാ വിദ്യാർഥികളും ഭരണഘടനയുടെ ആമുഖം പഠിച്ചിരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. പേരൂർക്കട എസ്.എ.പി. ക്യാമ്പിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഇന്ത്യയുടെ ജീവനാണെന്നും ഭരണഘടനയുടെ ഹൃദയമായ മതേതരത്വത്തെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എസ്.പി.സി. നോഡൽ ഓഫീസർ ഡി.ഐ.ജി. ആർ.നിശാന്തിനി, ഐ.ജി. സ്പർജൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. 615 കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ് അടക്കമുള്ള പ്രമുഖരുമായുള്ള സംവാദം, സംസ്ഥാനതല ക്വിസ് മത്സരം, ഫീൽഡ് വിസിറ്റുകൾ, പരിശീലന ക്ലാസുകൾ എന്നിവയുണ്ടാകും. ഫെബ്രുവരി എട്ടിനു നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം ജി.എസ്.പ്രദീപ് നയിക്കും. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയാവും.