തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസിൽ നടക്കുന്ന വലിയ തട്ടിപ്പിനെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ട് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ രംഗത്ത്. മലപ്പുറം ജില്ലയിലെ തിരൂർ ആർടിഒ ഓഫീസിൽ ലക്ഷക്കണക്കിന് രൂപയുടെ ടാക്സ് വെട്ടിപ്പ് നടന്നെന്നാണ് മന്ത്രി വെളിപ്പെടുത്തുന്നത്. ടാക്സ് അടച്ചെന്ന് വരുത്തിത്തീർത്ത് പണം വെട്ടിച്ച വലിയൊരു സംഭവമാണ് നടന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ മുകളിലുള്ള വെട്ടിപ്പാണ് നടന്നതെങ്കിൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.
‘സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരൂർ ആർടിഒ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും അടുത്ത ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. തിരൂർ മാത്രമല്ല, മലപ്പുറം കേന്ദ്രീകരിച്ചുള്ള ഓഫീസുകളിലെല്ലാം ഇത്തരത്തിൽ വലിയൊരു തട്ടിപ്പ് നടന്നതായി ഞങ്ങൾ സംശയിക്കുന്നുണ്ട്. അതിന്റെ സമഗ്രമായ അന്വേഷണം നടത്തും’.’കമ്പ്യൂട്ടറൈസായത് കൊണ്ട് തന്നെ ക്രമക്കേടുകൾ കണ്ടെത്താൻ സാധിക്കും. അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം വരുത്താൻ കാരണക്കാരായ ഉദ്യോഗസ്ഥർ ഇനി സർവീസിൽ ഉണ്ടാകില്ല. അവരെ പിരിച്ചുവിടുമെന്ന കാര്യം ഉറപ്പാണ്. ദീർഘമായ സസ്‌പെൻഷനേക്കാൾ നല്ലത് അവർക്കെതിരെ നടപടി സ്വീകരിച്ച് എവിടെങ്കിലും ഇരുത്തുന്നതാണ്. കാശ് കൊടുത്ത് വീട്ടിൽ ഉണ്ണാനൊന്നും സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.