തിരുവനന്തപുരം : രാജ്യത്തിന്റെ വികസനത്തിനായാണ് ഇന്ധനവില വര്‍ധനവെന്ന് ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ധനവില കുറയ്ക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദത്തിന് മറുപടി പറയാനില്ലായെന്നും വി. മുരളീധരന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയതെന്നും ഇന്നലെ വരെ ലഭിച്ച ഇന്ധനവിലയേക്കാള്‍ കൂടുതല്‍ വരില്ലായെന്നും ഇന്ധന വില വര്‍ധന നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും വി. മുരളീധരന്‍ വിശദീകരിച്ചു.
പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇക്കാര്യം അറിയിച്ച് ഇന്നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്‌സൈസ് തീരുവ രണ്ട് രൂപയും വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്‌സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുബോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധനികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.