കൊട്ടാരക്കര : സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പുലമൺ ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
പ്രവർത്തകർ ചിതറി ഓടി. നിരവധി യുവമോർച്ച പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ബിജെപി ജില്ല പ്രസിഡന്റ് ബി. ഗോപകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അറസ്റ്റ് ചെയ്‌ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഏഴുപേരെ അറസ്റ്റ് ചെയ്‌തതായും നൂറോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും കൊട്ടാരക്കര പോലീസ് പറഞ്ഞു.