കുമരകം : ജി–20 ഉച്ചകോടിക്കായി കുമരകത്ത് വൻ ഒരുക്കം. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് കൺവൻഷൻ സെന്ററിലേക്കുള്ള പ്രവേശന കവാടം മുതൽ പരിസ്ഥിതി സൗഹൃദപരമായാണ് ഒരുക്കം.കവാടം പൂർണമായും നാടൻ മുള ഉപയോഗിച്ചാണു നിർമിക്കുന്നത്. പാലത്തിന്റെ കൈവരികളും മുളകൾ കൊണ്ടു മനോഹരമാക്കി.സെന്ററിന്റെ സീലിങ്ങും മുളകൾ പാകി ഭംഗിയാക്കി.ചുവരുകളുടെ ഉൾഭാഗത്ത് ചണമാണ് ഉപയോഗിക്കുന്നത്.ശബ്ദ നിയന്ത്രണ സംവിധാനവും ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദപരമായാണ്.ഹാളിന്റെ പരിസരമാകെ പ്രത്യേക തരം പുല്ലും ചെടികളും നട്ടു മോടി കൂട്ടി.മുളകൾ 25 വർഷം കേടുകൂടാതെ ഇരിക്കും. ഇതിനുള്ള ക്രമീകരണം നടത്തിയാണ് ഇവ കൊണ്ടുവന്നത്.
തോട് ആഴം കൂട്ടി വശങ്ങളിൽ കയർ പരവതാനി വിരിച്ചിട്ടുണ്ട്. നാളെ സെന്റർ ഉച്ചകോടിക്കായി കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായി അവസാനഘട്ട ജോലികൾ രാവും പകലുമായി നടക്കുകയാണ്.കവാടം ഭാഗത്ത് മുളകൾ പൂർണമായും പാകി. ഇനി പോളിഷ് ചെയ്തു മനോഹരമാക്കും. മുളകൾ കൊണ്ടു മനോഹരമാക്കിയ കവാടവും മറ്റ് സജ്ജീകരണങ്ങളും ഇവിടെത്തന്നെ ഉണ്ടാകും. തണ്ണീർമുക്കത്തു നിന്ന് തുടക്കമിട്ട റോഡ് നവീകരണം കവണാറ്റിൻകര വരെ എത്തി. ഈ ആഴ്ചയോടെ ഇല്ലിക്കൽ വരെ ടാറിങ് പൂർത്തിയായേക്കും.റോഡരികുകൾ വൃത്തിയാക്കുന്ന ജോലിക്കും തുടക്കമായി. പുതിയ ബൾബുകൾ വഴിയോരത്തു സ്ഥാപിക്കും. വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ തണ്ണീർമുക്കത്തു നിന്നു കേബിൾ വലിക്കുന്ന ജോലി അടുത്ത ദിവസം തുടങ്ങും. തലയാഴം ഇലക്ട്രിക്കൽ സെക്‌ഷന്റെ കീഴിലാണ് ഈ ജോലി.