ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെയുള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. ഇതിന്റെ ഭാഗമായി പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവായ മന്ത്രിയുടെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം യോഗത്തില്‍ പങ്കെടുക്കും. ഇന്ന് രണ്ടുമണിയോടെയാണ് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
പ്രശ്‌നത്തില്‍ പരിഹാരം തേടി പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ അന്ന് വിഷയത്തില്‍ സമവായം ഉണ്ടാക്കാനായിരുന്നില്ല. മന്ത്രിക്കെതിരെ യുവതി നല്‍കിയിരിക്കുന്ന പരാതിയില്‍ അമ്പലപ്പുഴ പോലീസ് നിലവില്‍ നിയമോപദേശം തേടിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തുന്നതിനും തീരുമാനിമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്കല്‍ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്. അടിയന്തരമായി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതിനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.