ആലപ്പുഴ : മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പരാജയം. ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് ലോക്കല്‍ കമ്മിറ്റി യോഗം ഡിസി ഓഫീസില്‍ വിളിച്ചുചേര്‍ത്തത്.
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പ്രശ്നപരിഹാരമായില്ല. തര്‍ക്കം പരിഹരിക്കാന്‍ അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ചേരും. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലും പ്രശ്നത്തില്‍ തീര്‍പ്പ് ഉണ്ടായില്ല. പരാതിയില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് പരാതിക്കാരിയുടെ നിലപാട്. പാര്‍ട്ടി നടപടി ക്രമം പാലിക്കാതെ അനാവശ്യമായ പരാതി നല്‍കി പ്രസ്ഥാനത്തിന് മാനക്കേട് ഉണ്ടാക്കിയെന്നായിരുന്നു ജി സുധാകരനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. എന്നാല്‍ ജി സുധാകരനെതിരായ നിലപാട് ഒരു വിഭാഗം യോഗത്തില്‍ ആവര്‍ത്തിച്ചു.