ചങ്ങനാശ്ശേരി : കേരളത്തില്‍ സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കി ഒരു നല്ല സര്‍ക്കാര്‍, ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
വാഴപ്പള്ളി സെന്റ് തെരേസാസില്‍ രാവിലെ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. ഇവിടെ പ്രധാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുള്ളത്. ആ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് പ്രതീക്ഷ. ഈ ഇലക്ഷന്‍ അതിന് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.
എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധം നേരത്തെ തന്നെ ഉണ്ടല്ലോ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുകുമാരന്‍ നായര്‍ പറഞ്ഞു. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് സംഭവിച്ചു കാണണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായിട്ടും ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഭരണമാറ്റം വേണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. അത് ജനങ്ങള്‍ ജനഹിതം അനുസരിച്ച് ചെയ്യട്ടെ. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.