പുല്ലാട് : 600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് ഉടമ ഓമനക്കുട്ടനും (ഡി.ഗോപാലകൃഷ്ണന്‍ നായര്‍) മകന്‍ ഗോവിന്ദും അറസ്റ്റില്‍. ഒളിവിലായിരുന്ന ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് ഇവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്കു പലിശ നൽകിയിരുന്ന ഇവർ ജനുവരി അവസാനമാണ് കുടുംബത്തോടെ മുങ്ങിയത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ നിക്ഷേപ കാലാവധി പൂർത്തിയായവർ മടക്കികിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോടു ഫണ്ടു വരാനുണ്ടെന്നു പറഞ്ഞു സമയം നീട്ടി ചോദിക്കുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് ഒരാഴ്ച മുൻപ് നാട്ടുകാർ മാർച്ച് നടത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ ജി & ജി ഫൈനാന്‍സിയേഴ്സ് (മുന്‍പ് PRD ഫൈനാന്‍സിയേഴ്സ്) ഉടമകള്‍ വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് നീങ്ങിയത്. അടുത്തകാലത്ത് പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കഥകള്‍ കണ്ടും കേട്ടും പഠിച്ച് അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ് തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഓമനക്കുട്ടന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഡി.ഗോപാലകൃഷ്ണനും കുടുംബവും നടത്തിയത്. കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ്, ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ്, പുനലൂര്‍ കേച്ചേരി ഫിനാന്‍സ്, കുറിയന്നൂര്‍ പി.ആര്‍.ഡി മിനി…തുടങ്ങിയ സ്ഥാപനങ്ങള്‍ തകര്‍ന്നപ്പോള്‍ ഉടമകള്‍ക്ക് ഉണ്ടായ പാളിച്ചകള്‍ തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കുവാന്‍ ഇവര്‍ ശ്രദ്ധിച്ചു. ഓമനക്കുട്ടന്‍, ഭാര്യ സിന്ധു, ഏക മകന്‍ ഗോവിന്ദ്, ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി, മകന്‍ എന്നിവരടങ്ങിയതാണ് ഇവരുടെ കുടുംബം. ഓമനക്കുട്ടന്റെ ഭാര്യ സിന്ധു നായര്‍ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയായ കൃഷ്ണന്‍ നായരുടെ മകളാണ്. 1911 മുതല്‍ ബിസിനസ് രംഗത്തുള്ള ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, പുല്ലാട് തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷ്ണന്‍ നായര്‍ & സണ്‍സ് എന്നപേരില്‍ ജൂവലറി, വാച്ച് ഷോറൂമുകളുണ്ട്.
കുടുംബവും വിദേശത്തേക്ക് കടന്നതായി സംശയം. തുടക്കത്തില്‍ ആരും പരാതി നല്‍കുവാന്‍ തയ്യാറാകാതിരുന്നതും വെണ്മണി, കോയിപ്രം പോലീസ് സ്റ്റേഷനുകളിലായി ആദ്യം ലഭിച്ച 5 പരാതികള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതും പ്രതികളെ സഹായിച്ചു. പോലീസ് എഫ്.ഐ.ആര്‍ ഇടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇവര്‍ക്ക് രക്ഷപെടാന്‍ കഴിയുകയില്ലായിരുന്നു. ഓമനക്കുട്ടന്റെ മകന്റെ ഭാര്യ വിദേശത്താണ്. കൂടാതെ അടുത്ത ബന്ധുക്കളില്‍ പലരും വിദേശത്തുണ്ട്. തട്ടിപ്പ് വിവരം അറിഞ്ഞപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കി ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ചത് പത്തനംതിട്ട മീഡിയാ ആയിരുന്നു. ഒമാനക്കുട്ടനെ പത്തനംതിട്ടയില്‍ വിളിച്ചുവരുത്തി പ്രത്യേക ഇന്റര്‍വ്യൂവും എടുത്തിരുന്നു. ഓമനക്കുട്ടന്റെ നീക്കത്തില്‍ വ്യക്തമായ ചില മുന്നൊരുക്കങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കിയതോടെയാണ് പത്തനംതിട്ട മീഡിയ വാര്‍ത്താ പരമ്പരയുമായി മുമ്പോട്ടു പോയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കുവാനോ നിയമനടപടിയുമായി മുമ്പോട്ട് പോകുവാണോ നിക്ഷേപകരില്‍ ആരും തയ്യാറായില്ല. തന്നെയുമല്ല വാര്‍ത്ത നല്‍കിയതിന് പത്തനംതിട്ട മീഡിയാ ഓഫീസില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വ്യക്തമായ മുന്നൊരുക്കത്തോടെയാണ് പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് നാടുവിട്ടത്. കേസില്‍ അകപ്പെട്ടാല്‍ ഭാര്യ ജയിലില്‍ പോകാതിരിക്കുവാന്‍ ഭാര്യയെ കമ്പിനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുന്‍കൂട്ടി നീക്കം ചെയ്തു. ഗോകുലം ചിട്ടി ഫണ്ടില്‍ നിന്നും കോടികള്‍ ചിട്ടി പിടിച്ചു. പണം മുന്‍കൂറായി വാങ്ങി പിന്നീട് മനപൂര്‍വ്വം തിരിച്ചടവ് മുടക്കി കുടിശ്ശിഖയാക്കി. തുടര്‍ന്ന് കുടിശ്ശിഖയുടെ പേരുപറഞ്ഞ് വസ്തുക്കള്‍ ഗോകുലം ഗോപാലന് സ്വത്തുക്കള്‍ തീറെഴുതി നല്‍കി. 2023 നവംബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തു. ആധാരത്തില്‍ നാലുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ അഭിഭാഷകന്‍ അനില്‍ ഐ. ജോര്‍ജ്ജ് ആണ് ആധാരം തയ്യാറാക്കിയത്. സാക്ഷികളില്‍ ഒരാള്‍ ഓമനക്കുട്ടന്റെ മകന്‍ ഗോവിന്ദ് ജി.നായര്‍ ആണ്. പന്തളം മുടിയൂര്‍ക്കോണം പഴയറ്റതില്‍ വീട്ടില്‍ പി.ആര്‍. പ്രവീണ്‍ ആണ് മറ്റൊരു സാക്ഷി.