പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്റെ കത്ത്. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്തയച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കത്തില്‍ വിശദീകരിക്കുന്നുണ്ട്.
അതേസമയം, ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മക്കള്‍ക്ക് നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി ഇന്ന് സമരപന്തലില്‍ എത്തും. സമരത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഇന്ന് അട്ടപ്പള്ളത്ത് ഉപവാസമിരിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു.