കൊല്‍ക്കത്ത: മൊബൈല്‍ ഗെയിമിങ് ആപ്പ് വഴി തട്ടിപ്പ് നടത്തിയ കേസില്‍ കൊല്‍ക്കത്തയിലെ ആറിടങ്ങളില്‍ ഇ.ഡി റെയ്ഡ്. വ്യവസായി ആമിര്‍ ഖാന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ ഏഴു കോടി രൂപ പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇവിടെ വന്‍തോതില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. മൊബൈല്‍ ഗെയിമിങ് ആപ്പായ ‘ഇ നഗ്ഗറ്റ്‌സ്’ ഉപയോക്താക്കളെ വഞ്ചിച്ച് പണം തട്ടിയതിന് ഫെഡറല്‍ ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആമിര്‍ ഖാനും മറ്റുള്ളവര്‍ക്കുമെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടക്ക കാലത്ത് ഉപയോക്താക്കള്‍ക്ക് കമ്മീഷന്‍ നല്‍കുകയും വാലറ്റിലെ ബാലന്‍സ് തടസ്സമില്ലാതെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആത്മവിശ്വാസം നല്‍കി, കൂടുതല്‍ ശതമാനം കമ്മീഷനും കൂടുതല്‍ പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്കുമായി അവര്‍ വലിയ തുക നിക്ഷേപിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് നല്ല തുക പിരിച്ചെടുത്ത ശേഷം പെട്ടെന്ന് പ്രസ്തുത ആപ്പില്‍ നിന്നുള്ള പിന്‍വലിക്കല്‍ പല കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തിവെച്ചു. സിസ്റ്റം അപ്ഗ്രേഡേഷന്‍, എല്‍ഇഎകളുടെ അന്വേഷണം തുടങ്ങിയ കാരണങ്ങളാണ് പറഞ്ഞത്. അതിനുശേഷം, പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും പ്രസ്തുത ആപ്പ് സെര്‍വറുകളില്‍ നിന്ന് മായ്ച്ചു കളഞ്ഞു. തങ്ങള്‍ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ ഉപയോക്താക്കള്‍ പരാതിയുമായി ബാങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു.