പത്തനംതിട്ട : ഗാന്ധി സ്മൃതികളുണര്‍ത്തുന്ന അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം പത്തനംതിട്ട കളക്ടേറ്റില്‍ ആരംഭിച്ചു. വരുംതലമുറയ്ക്ക് നല്‍കാനാകുന്ന ഉത്തമ സമ്മാനമാണ് ഗാന്ധിജിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രങ്ങളും സൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്ര പ്രദര്‍ശനമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു. ഈ കാലഘട്ടത്തില്‍ പ്രസക്തിയുള്ള സന്ദേശങ്ങള്‍ക്കൊപ്പം ഗാന്ധി യുഗത്തിലൂടെയുള്ള യാത്രയാണ് ചിത്ര പ്രദര്‍ശത്തിലൂടെ ലഭിക്കുന്നതെന്നും ഇവയെല്ലാം ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.
എഡിഎം ബി. രാധകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ റ്റി. ജയശ്രീ (എല്‍.എ), ആര്‍. രാജലക്ഷ്മി(ഇലക്ഷന്‍), ബി. ജ്യോതി (എല്‍.ആര്‍), ജേക്കബ് റ്റി.ജോര്‍ജ് (ആര്‍.ആര്‍), എന്‍ഐസി ടെക്‌നിക്കല്‍ ഡയറക്ടര്‍ നിജു എബ്രഹാം തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകേന്ദ്രവുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളെ സൂക്തങ്ങള്‍ക്കൊപ്പം കോര്‍ത്തിണക്കിയാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം ഈ മാസം 12 വരെ ഉണ്ടാകും.