തിരുവനന്തപുരം: ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആരൊക്കെ മന്ത്രിമാര്‍ ആകണം എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ മുന്നണിയില്‍ നടക്കുന്നത്. ഒറ്റകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ അടക്കമാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. ഘടകകക്ഷികളുമായി ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കിയ സിപിഎം അന്തിമ തീരുമാനം എല്‍ഡിഎഫ് യോഗത്തിലായിരിക്കും അറിയിക്കുക.
പരമാവധി 21 അംഗങ്ങളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക. അത്രയും പേരെ ഉള്‍പ്പെടുത്തി കൊണ്ടാകും മന്ത്രിസഭയെന്നാണ് ലഭിക്കുന്ന വിവരം. മുന്നണിയില്‍ ഉള്‍പ്പെട്ടതും സഹകരിക്കുന്നതുമായ ആറു കക്ഷികള്‍ക്ക് ഒറ്റ എംഎല്‍എ.മാര്‍ മാത്രമുള്ളതിനാല്‍ ആദ്യപടിയായി കേരള കോണ്‍ഗ്രസ് ബി-യില്‍നിന്ന് കെ.ബി. ഗണേശ്‌കുമാറിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിലേക്കാണ് മുന്നണിനേതൃത്വം നീങ്ങുന്നത്. നായര്‍ വിഭാഗത്തിന്റെ പ്രതിനിധിയായി ഗണേശും ലത്തീന്‍ വിഭാഗത്തിന്റെ പ്രതിനിധിയായി ആന്റണി രാജുവും മന്ത്രിമാരായേക്കും. അതേസമയം ഇങ്ങനെ വരുമ്പോള്‍ ഐഎന്‍എല്ലിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ് വരും.
അതേസമയം ഇതിനൊരു പൊതുനയം രൂപപ്പെടുത്തിയേക്കും. മറ്റു ഘടകകക്ഷികള്‍ക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. എല്ലാ ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം. നേതൃത്വം സിപിഐ. നേതൃത്വത്തെയും അറിയിച്ചുപോരുന്നു. സിപിഎം.-12, സിപിഐ.- 4, കേരള കോണ്‍ഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എന്‍.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.
സ്പീക്കര്‍ സിപിഎം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാലത്ത് സിപിഎമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സിപിഐ.ക്ക് ചീഫ് വിപ്പ് നല്‍കിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനായിരിക്കും. പ്രൊഫ. എന്‍ ജയരാജാകു ചീഫ് വിപ്പ് സ്ഥാനം വഹിക്കുക. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എല്‍.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സിപിഎം. നേതൃത്വം അറിയിച്ചിരിക്കുന്നത്.
എന്‍.എസ്.എസും എല്‍.ഡി.എഫും തമ്മില്‍ അകന്നുനില്‍ക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേശ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പാതയില്‍ ഗണേശ് കുമാറും എന്‍.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേശിനെ മന്ത്രിയാക്കുന്നത് എന്‍.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തല്‍. ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ പ്രതിപക്ഷം വലിയ ആരോപണമായി ഉയര്‍ത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാന്‍ കാരണമാകുന്നു. ഇതുവഴി ലത്തീന്‍ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനില്‍ പന്തലിടാന്‍ തുടങ്ങി. മന്ത്രിമാരുടെ വകുപ്പുകളിലും ഇക്കുറി മാറ്റം വന്നേക്കും. സിപിഐക്ക് ചില വകുപ്പുകള്‍ വിട്ടു കൊടുക്കേണ്ടി വന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേരള കോണ്‍ഗ്രസി(എം)ന് ഒരു മന്ത്രിസ്ഥാനമേ ഉറപ്പായിട്ടുള്ളൂ. പൊതുമരാമത്ത്, ജലവിഭവം, കൃഷി തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കു താല്‍പര്യം. ഇതില്‍ പൊതുമരാമത്ത് സിപിഎമ്മും കൃഷി സിപിഐയും കൈവശം വയ്ക്കുന്ന വകുപ്പുകളാണ്. ജലവിഭവം ജനതാദളിന്റെ (എസ്) പക്കലും.
സിപിഐയുടെ പക്കലുള്ള റവന്യു, കൃഷി, വനം, ഭക്ഷ്യം വകുപ്പുകളുടെ കാര്യത്തില്‍ മാറ്റത്തിനു തയാറാണെന്ന സൂചന പാര്‍ട്ടി നല്‍കുന്നില്ല. കൂടെ കയ്യാളുന്ന ചെറിയ വകുപ്പുകളുടെ കാര്യത്തില്‍ നീക്കുപോക്കിന് അവര്‍ തയാറാകും. ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, വൈദ്യുതി, തദ്ദേശ ഭരണം, സഹകരണം, ടൂറിസം, പട്ടികജാതിപട്ടികവര്‍ഗം, സാംസ്‌കാരികം എന്നിവ തുടര്‍ന്നും സിപിഎം തന്നെ വെയ്ക്കും.
മറ്റു വകുപ്പുകളുടെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ക്കു സന്നദ്ധമാകും. കടന്നപ്പള്ളി ഒഴിവായാല്‍ അദ്ദേഹത്തിന്റെ പക്കലുള്ള തുറമുഖവും മ്യൂസിയവും പൊതു പൂളിലേക്കു വരും. മാറുന്ന മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ പുതിയ വകുപ്പുകള്‍ സംബന്ധിച്ച വിദഗ്ധ നിര്‍ദേശങ്ങളും ഉന്നത നേതൃത്വത്തിനു മുന്നിലുണ്ട്.
അതേസമയം ഉഭയകക്ഷി ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ വകുപ്പു വിഭജനത്തെയും പാര്‍ട്ടി മന്ത്രിമാരെയും കുറിച്ചു സിപിഎം ഉന്നത തലത്തില്‍ ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ ഇക്കാര്യത്തില്‍ ഇരുട്ടിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി എന്നിവര്‍ നടത്തുന്ന പിബി തല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശം 18നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വയ്ക്കും. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വെള്ളിയാഴ്ചത്തെ പതിവു സെക്രട്ടറിയറ്റ് യോഗം ഈയാഴ്ച ഇല്ല. മുഖ്യമന്ത്രി ഒഴിച്ചുള്ള നിലവിലെ എല്ലാ മന്ത്രിമാരും മാറണം, അതല്ല, വളരെക്കുറച്ചു പേര്‍ മാത്രം തുടരണം എന്നീ അഭിപ്രായങ്ങളാണ് സിപിഎമ്മിനു മുന്നിലുള്ളത്.