കൊച്ചി: മയക്കുമരുന്ന് നല്കി യുവാവിനെ അബോധാവസ്ഥയിലാക്കി കടന്നുകളഞ്ഞ സംഘം പിടിയില്‍. കൊല്ലം കുറ്റിച്ചിറ സ്വദേശിയായ സിയാദ് എന്ന യുവാവിന് അമിതമായി ലഹരി കുത്തിവെച്ച് മരണംവരെ സംഭവിക്കാവുന്ന തരത്തില്‍ അബോധാവസ്ഥയിലാക്കി കടന്നുകളഞ്ഞ കൊല്ലം പെരുമ്പുഴ സ്വദേശി സുധീര്‍ (32), കിളികൊല്ലൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ (23) എന്നിവരാണ് ചേരാനല്ലൂര്‍ പോലീസ് പിടിയിലായത്.
അര്‍ബുദബാധിതര്‍ക്ക് വേദന സംഹാരിയായും മയക്കത്തിനും ഉപയോഗിക്കുന്ന ഗുളിക പ്രതികള്‍ അനധികൃതമായി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങി ലഹരിക്കുവേണ്ടി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയുമായിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സിയാദിന്റെ പിതാവ് നല്കിയ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പ്രതികളെ കൊല്ലത്തുനിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയയെക്കുറിച്ച് കൊച്ചി പോലീസ് അന്വേഷിച്ചു വരുകയാണ്.