അമ്പലപ്പുഴ: മദ്യനിരോധന ദിവസം കള്ള് കൊടുക്കാതിരുന്നതിന്റെ പേരില്‍ ചെത്തുതൊഴിലാളിയെ രണ്ടുദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കരിമ്പാവളവ് ബിനീഷ് ഭവനത്തില്‍ ജയപ്രകാശിനെയാണ് (50) ക്വട്ടേഷന്‍ സംഘം കെട്ടിയിട്ട് മര്‍ദിച്ചത്.
ചൊവ്വാഴ്ച രാവിലെ പനച്ചുവട് ഷാപ്പില് ജയപ്രകാശ് കള്ള് അളക്കുന്നതിനിടെ പറവൂര്‍ സ്വദേശിയായ സനീഷ് കള്ള് ആവശ്യപ്പെട്ടെത്തി. എന്നാല്‍, അവധി ആയതിനാല്‍ കള്ള് നല്‍കിയില്ല. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രി 11ഓടെ സനീഷും സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘത്തിലെ കെണമ്പ് ഷെജീര്‍ എന്ന ഷെജീര്‍, കാലന് ബൈജു എന്ന ബൈജു, ജോബ് എന്നിവരുമായി ജയപ്രകാശ് താമസിക്കുന്ന പറവൂരിലെ മുറിയിലെത്തി ആക്രമിക്കുകയായിരുന്നു.
മാരകായുധങ്ങളുമായെത്തിയ സംഘം ജയപ്രകാശിനെ മുറിക്കുള്ളില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മര്‍ദനം വ്യാഴാഴ്ച രാവിലെയാണ് നിര്‍ത്തിയത്. വിവരം പുറത്തറിയിച്ചാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ജയപ്രകാശിനെ സ്വതന്ത്രനാക്കിയത്. രാവിലെ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ജയപ്രകാശ് കുഴഞ്ഞുവീണു.
സമീപത്തുള്ളവര്‍ ഓടി എത്തിയപ്പോഴാണ് പരിക്കേറ്റത് ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് മര്‍ദനമേറ്റ വിവരം പുറത്തറിയുന്നത്. പുന്നപ്ര പോലീസ് കേസെടുത്തു.