കൊല്ലം : കൊട്ടാരക്കര വെളിയത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ യാത്ര ചെയ്തിരുന്ന കാറില്‍ നിന്ന് നാല് കുപ്പി വാറ്റ് ചാരായവും കണ്ടെത്തി.
വെളിയം കവലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൂയപ്പളളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാറിനാണ് മര്‍ദനമേറ്റത്. ജംങ്ഷനിലെ എടിഎം കൗണ്ടറില്‍ പണമെടുക്കാനെത്തിയ നാലംഗ സംഘമാണ് സന്തോഷ് കുമാറിനെ മര്‍ദിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച സന്തോഷ് കുമാര്‍ കാറില്‍ നിന്ന് നാല് കുപ്പി ചാരായം കണ്ടെടുത്തു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇവരെ തടയുന്നതിനിടയിലാണ് സന്തോഷ് കുമാറിന് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഹോം ഗാര്‍ഡ് പ്രദീപിനും അക്രമത്തില്‍ പരുക്കേറ്റു.
കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തത്. വെളിയം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാര്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലാമന്‍ സുമേഷ് ഓടി രക്ഷപെട്ടു.