പന്തളം: ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ പന്തളം മുട്ടാറിൽ വെച്ച് അടൂർ ഏനാദിമംഗലം സ്വദേശിയായ 79 കാരി സുബൈദ ബീവിയെ ആക്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ട്രഷറർ ഖദീജാ അൻസാരി ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായ വയോധികയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. കൈ പിന്നിലേക്ക് വലിച്ച് ക്രൂരമായി മർദ്ദിച്ചതായി സുബൈദ ബീവിയും കുടുംബവും പറയുന്നു. കാര്‍ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ ചെറുമകൻ റിയാസ് (32), ഭാര്യ അല്‍ഷിഫ(24), മകള്‍ അസ് വ(2) എന്നിവരെ അക്രമികള്‍ അസഭ്യം പറയുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. എന്നാൽ ഇതുവരെയും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. ഇത് അക്രമികൾക്ക് ഭാവിയിൽ ആവേശം നൽകും. തുടക്കം മുതൽ തന്നെ പോലീസിന്റെ ഇടപെടലിൽ ദുരൂഹതയുണ്ട്. കേസെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പോലീസ്. സമ്മർദ്ദങ്ങൾക്കൊടുവിലാണ് പിന്നീട് കേസെടുക്കാൻ പോലും പോലീസ് തയ്യാറായത്. നിരവധി ദൃക്സാക്ഷികൾ ഉണ്ടായിട്ടും കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്ത് എത്തിച്ച് പോലിസ് തെളിവെടുത്തു. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നത് പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിന്റെ ഭാഗമാണ്.
പന്തളത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാക്കിയാണ് ഘോഷയാത്ര നടത്തിയത്. ഘോഷയാത്ര കടന്നുപോകുന്ന വഴിയിൽ വാഹനങ്ങൾ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചിരുന്നു. ബിജെപി ഭരിക്കുന്ന പന്തളം മുൻസിപ്പാലിറ്റി പരിധിയിൽ സംഘപരിവാർ നടത്തിയ അക്രമങ്ങളും പ്രകോപനങ്ങളും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. ഉത്തരേന്ത്യയിൽ ഗണേശോത്സവ ഘോഷയാത്ര സാമുദായിക സംഘർഷത്തിൽ എത്തിയിട്ടുണ്ട്. ഇത്തരം കലാപങ്ങളിൽ നേട്ടം കൊയ്തതും ബിജെപി തന്നെയാണ്. പന്തളത്ത് ആർഎസ്എസ് – ബിജെപി ലക്ഷ്യവും ഇതുതന്നെയാണ് എന്നാണ് ബോധ്യമാകുന്നത്. സംഘപരിവാർ നീക്കത്തിനെതിരെ ജനാധിപത്യ- മതേതര സമൂഹം ഉണർന്നിരിക്കണമെന്നും പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും ഖദീജാ അൻസാരി ആവശ്യപ്പെട്ടു. വിമൻ ഇന്ത്യ മൂവ്മെന്റ് പന്തളം മുൻസിപ്പൽ സെക്രട്ടറി മിനീഷാ മുജീബ്, നസീമാ നാസർ എന്നിവരും ഒപ്പമുണ്ടായിരുന്നു.