തിരുവനന്തപുരം : കഠിനംകുളം പുതുകുറിച്ചിയിൽ ഭര്‍ത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ. യുവതിക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
ഭര്‍ത്താവിൽ നിന്നാണ് യുവതിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കുറ്റവാളികളിൽ ഒരാൾ പോലും രക്ഷപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം നടക്കും. യുവതിയുടെ ജീവൻ തിരിച്ച് കിട്ടയത് തന്നെ അത്ഭുതമെന്ന നിലയിലാണ് കേസിന്‍റെ വിശദാംശങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. കുറ്റവാളികളിൽ ഒരാളെ പോലും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
യുവതിക്ക് മദ്യം നൽകി ഭർത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗം ചെയ്തതെന്ന പരാതിയിൽ യുവതി ഉറച്ച് നിൽക്കുകയാണ്. തിരുവനന്തപുരം കഠിനംകുളം പോലീസ് പരിധിയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം ഉണ്ടായത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ട് പോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം ഭർത്താവും ആറ് സുഹൃത്തുക്കുളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.