കോന്നി : കോന്നിയിൽ കഞ്ചാവ് മാഫിയ സജീവമാകുന്നു. കഴിഞ്ഞ ദിവസമാണ് നിർമ്മാണം നടക്കുന്ന കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയുടെ പരിസരത്ത് നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. ഉദ്യോഗസ്ഥർ വരുന്നത് കണ്ട് പ്രതികൾ ഓടി രക്ഷപെടുകയും ചെയ്തു. ആഗസ്റ്റ് മാസത്തിൽ മൂന്നും ഈ മാസം ഒരു കേസും ആണ് കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കോന്നി എക്‌സൈസ് റേഞ്ച് സംഘം രജിസ്റ്റർ ചെയ്തത്. ജില്ലക്ക് പുറത്ത് നിന്നും എത്തിക്കുന്ന കഞ്ചാവ് വലിയ വിലയിൽ ആവശ്യക്കാർക്ക് വിറ്റഴിക്കുന്നതായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ആൾ താമസമില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങൾ ആണ് കഞ്ചാവ് മാഫിയ പലപ്പോഴും താവളമാക്കുന്നത്.
കോന്നിയിൽ നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി ഡിപ്പോ പരിസരം കേന്ദ്രീകരിച്ച് മുൻപും എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ പലപ്പോഴും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഈ തവണയും കഞ്ചാവ് മാത്രമാണ് ലഭിച്ചത്. പ്രതികൾ വില്പന നടത്തി വന്നിരുന്ന കഞ്ചാവ് ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. മലയോര മേഖല കേന്ദ്രീകരിച്ചും കഞ്ചാവ് മാഫിയ സജീവമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളുകളിൽ അടക്കം വിവിധ രൂപങ്ങളിൽ ആണ് ലഹരി വസ്തുക്കൾ ഇത്തരക്കാർ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നത്. കോന്നി കെ എസ് ആർ റ്റി സി സ്റ്റേഷനിലെ ബേക്കറി കേന്ദ്രീകരിച്ചും ലഹരി വില്പന വ്യാപകമാകുന്നതായി ബന്ധപെട്ടവർക്ക് പരാതി ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിലും കഞ്ചാവ് ഉപയോഗം വർധിക്കുന്നതായാണ് അറിയുവാൻ കഴിയുന്നത്. ഇവർ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കേണ്ടത് ആവശ്യമാണ്. എക്‌സൈസ്സും പോലീസും നടത്തുന്ന പരിശോധനകൾ മാഫിയകൾ മുൻകൂട്ടി അറിയുന്നത് കൊണ്ടാണ് രക്ഷപെടുന്നത് എന്നും ബന്ധപെട്ടവർ പറയുന്നു.