മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 2020-21 കാലയളവിൽ 1,52, 117 രൂപയും, 2021 -22 കാലയളവിൽ 3,01,000 രൂപയും ചിലവഴിച്ച് 14 വാർഡുകളിലായി ഏഴ് വീതം മിനി എം.സി എഫുകൾ സ്ഥാപിക്കുകയും വീണ്ടും 2023-24 കാലയളവിൽ 6,28, 796 രൂപ മുടക്കി വീണ്ടും 14 മിനി എം.സിഎഫുകൾ സ്ഥാപിച്ച് 28 എണ്ണമാക്കിയത് എന്തിനെന്ന് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിൽ ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുമെന്നാണ് പറഞ്ഞിരുന്നത്.
പിന്നീട് പഞ്ചായത്തിന്റെ വാഹനത്തിൽ തെള്ളിയൂരിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തെ എം.സി.എഫിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒന്നിന് പുറകെ ഒന്നായി എം.സിഎഫുകളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ മാലിന്യങ്ങൾ ചാക്കിനുള്ളിൽ എം.സി. എഫിന്റെ പുറത്തായി മാലിന്യങ്ങൾ കുന്നു കൂടുന്നതാണ് രീതി. എഴുമറ്റൂർ പോസ്റ്റോഫീസ് കവലയിലും വായനശാല കവലയിലും ഇവ കാഴ്ചവസ്തുക്കളാണെങ്കിൽ കിളിയൻ കാവിന് സമീപം ശേഖരണ കേന്ദ്രം മാലിന്യം കൊണ്ട് നിറഞ്ഞതോടെ സമീപത്തെ ജലവിതരണ പമ്പ് ഹൗസ് തന്നെ മാലിന്യ ശേഖരണ കേന്ദ്രമായിരിക്കുകയാണ്.