പത്തനംതിട്ട : ജില്ലയിൽ ഖര, ദ്രവ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്ന തൊഴിലാളികളും ടാങ്കർ ഉടമകളും പണിമുടക്കി തുടങ്ങി. കാലിയായതും റോഡിൽ ഓടി കൊണ്ടിരിക്കുന്നതുമായ മാലിന്യശേഖരണ ടാങ്കറുകൾ പിടിച്ചെടുക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പോലീസ് നടപടികൾക്കെതിരെയാണ് പ്രതിഷേധം. ജില്ല കലക്ടർ, പോലീസ് മേധാവി, ശുചിത്വ മിഷൻ കോർഡിനേറ്റർ തുടങ്ങി എല്ലാ അധികാരികൾക്കും ആവശ്യങ്ങൾ വിശദീകരിച്ചു നിവേദനം നൽകിയെങ്കിലും ചർച്ച പോലും നടക്കാത്ത സാഹചര്യത്തിലാണ് ജില്ലയിൽ സമരം നടത്തുന്നതെന്ന് ഖര, ദ്രവ മാലിന്യ നിർമാർജന തൊഴിലാളി അസോസിയേഷൻ (ഐ.എൻ.ടി. യു.സി) ജനറൽ സെക്രട്ടറി സുനിൽ കുമാർ അറിയിച്ചു.
കാലകാലങ്ങളിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാരുകൾ അനുവദിച്ച് നൽകുന്ന ഫണ്ടുകൾ ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ലാപ്സാക്കുകയാണ്. യൂണിയൻ പത്തനംതിട്ട സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ സമരത്തെ തുടർന്ന് ഉപയോഗശൂന്യമായ മൂന്ന് പാറമടകൾ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ പര്യാപ്തമാണന്ന് കണ്ടെത്തിയതായും പ്ലാന്റുകൾ സ്ഥാപിച്ച് അടിയന്തിര ക്രമീകരണം ഏർപ്പെടുത്തുമെന്നുമുള്ള ജില്ല കലക്ടറുടെ ഉറപ്പ് പാലിക്കാൻ നടപടി ഉണ്ടായിട്ടില്ല. തൊഴിലാളികളെ സാമൂഹിക – ആരോഗ്യ സേവനരംഗത്തെ മികച്ച പ്രവർത്തകരായി അംഗീകരിക്കേണ്ടതിന് പകരം അധമഗണത്തിൽപ്പെടുത്തി അകറ്റിനിർത്താണ് ശ്രമം. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ മറയാക്കി ഉദ്യോഗസ്ഥർ പീഡനം നടത്തുന്നയായി യൂണിയൻ ആരോപിച്ചു. നവംബർ 25 ന് ടാങ്കർ ലോറികൾ നിരത്തിയിട്ട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ സമരം ഉദ്ഘാടനം ചെയ്യും.