പ്രതാപ്ഗഡ് : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് അപകടം. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പടക്കം വില്‍പനക്കാരനായ അഷ്ഫാഖ് എന്നയാളുടെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് അപകടം നടന്നതെന്ന് എസ്‌എച്ച്‌ഒ ബച്ചേ ലാല്‍ പറഞ്ഞു. ടൈല്‍സ് മുറിക്കുന്ന യന്ത്രത്തില്‍ നിന്ന് തീപ്പൊരി പടക്കങ്ങളിലേക്ക് വീണതോടെ തീ പടര്‍ന്നു.
തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന എല്‍പിജി സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതായും പോലീസ് വ്യക്തമാക്കി. ഷക്കീല്‍ (48), സന്ദീപ് പട്‌വ (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രയാഗ്‌രാജിലെ എസ്‌ആര്‍എന്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.