ഭക്ഷ്യവസ്തുക്കളിൽ മാത്രമല്ല നമ്മുടെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിലും കാലാവധി എന്നുവരെയാണ് എന്നെഴുതിയിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ?. അപകടസാധ്യതയുള്ളതു കൊണ്ടുതന്നെ ഏറെ കരുതലോടെ ഉപയോഗിക്കേണ്ട ഒന്നാണ് ഗ്യാസ് അടുപ്പുകൾ. പ്രധാനമായും ഗ്യാസ് സിലിണ്ടറുകൾ. മിക്ക വീടുകളിലും ഒരു മാസം വരെയാണ് ഒരു സിലിണ്ടർ ഉപയോഗിക്കുന്നത്. മാർക്കറ്റിൽ നിന്നും പുതിയവ വാങ്ങിയോ അല്ലെങ്കിൽ കാലിയായവ വീണ്ടും നിറച്ചോ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ വീണ്ടും വീണ്ടും നിറച്ചു ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടം തന്നെയാണ്.
ഓരോ ഗ്യാസ് സിലിണ്ടറിലും വളരെ വ്യക്തമായി തന്നെ അതിന്റെ കാലാവധി എത്രമാസം വരെയാണ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞവ ഉപയോഗിക്കുന്നത് വലിയ അപകടകങ്ങളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. ഗ്യാസ് ചോരുക, പൊട്ടിത്തെറിക്കുക തുടങ്ങിയവയായിരിക്കും ഫലം. ഗ്യാസ് സിലിണ്ടറിന്റെ കാലാവധി എന്നുവരെയാണെന്നു മനസിലാക്കുക എളുപ്പമാണ്. ഇൻസ്റ്റഗ്രാമിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടറിലെ ഏറ്റവും മുകൾ ഭാഗത്തു കാണുന്ന വൃത്താകൃതിയിലുള്ള വളയത്തിനു താഴെ അതുമായി ബന്ധിപ്പിച്ചിട്ടുള്ള മെറ്റൽ ഭാഗത്തിന് ഉൾവശത്തായി ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ ഡി വരെയുള്ള അക്ഷരവും കൂടെ രണ്ടക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. അക്ഷരം ഏതു മാസം മുതൽ ഏതു മാസം വരെയാണെന്നതും അക്കം ഏതു വർഷം വരെയാണെന്നതും സൂചിപ്പിക്കുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ”എ” എന്ന അക്ഷരത്തിൽ സൂചിപ്പിക്കുമ്പോൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ”ബി” യിലും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ ”സി” യിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ ”ഡി” യിലും ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് സി-26 എന്നത് 2026 – ജൂലൈ-സെപ്തംബർ വരെയാണ് കാലാവധി എന്നാണ് എഴുതിയിരിക്കുന്നത്. ഇനി ഗ്യാസ് സിലിണ്ടറുകൾ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുവാൻ മറക്കേണ്ട. അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം.