ആനവണ്ടിയിൽ നനുത്ത മഴയും നനഞ്ഞൊരു യാത്ര, അതും കാട്ടിലൂടെ..ആഹ കേൾക്കുമ്പോൾ തന്നെ കൊതി തോന്നുന്നില്ലേ. എന്നാൽ വേഗം കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ. സഞ്ചാരികളുടെ പറുദീസയായ ഗവിയിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. ഈ മാസം 28 നാണ് യാത്ര. മഴ കൂടി ഉണ്ടെങ്കിൽ പിന്നെ ഗവിയാത്രയുടെ സൗന്ദര്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളും തുടങ്ങി ഒരു സഞ്ചാരിയെ വേണ്ടുവോളം സന്തോഷിപ്പിക്കാൻ പോന്നതെല്ലാം തന്നെ ഗവിയിൽ ഉണ്ട്. വനപാതയിലൂടെ ആനവണ്ടിയിൽ കാടിന്റെ വന്യത ആസ്വദിച്ചാണ് യാത്ര. പാക്കേജിൽ മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട്, കൊച്ചുപമ്പ എന്നിവയും കാണാം. ഗവിയിൽ നിന്ന് നേരെ ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയും കണ്ടായിരിക്കും മടക്കം. ഏകദിന യാത്രയ്ക്ക് 1650 രൂപയാണ് ചെലവ്.
കൊല്ലം ഡിപ്പോയിൽ നിന്ന് ഒക്ടോബർ 29 ന പൊൻമുടിയിലേക്കും യാത്ര സംഘടിപ്പിക്കുന്നുണ്ട്. കോടമൂടിയ പർവത നിരകളുടെ അതിസുന്ദരമായ കാഴ്ചയാണ് പൊൻമുടി നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 610 മീറ്റര്‍ ഉയരത്തിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്. കാട്ടരുവികളും മലമടക്കുകളും കടന്ന് 22 ഹെയർപിന്നുകൾ സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടത്. പൊൻമുടി യാത്രയിലെ ഇടത്താവളമാണ് കല്ലാർ. കല്ലും ആറും ചേർന്നൊരു മനോഹരമായ കാഴ്ചയാണ് കല്ലാറിൽ കാണാൻ കഴിയുക. കല്ലാറിന്റെ തീരം ചേർന്നുള്ള കാനനപ്പാതയിലൂടെ ട്രക്കിംഗ് നടത്തി മീൻമുട്ടിയിലെത്താം. ഒരു ദിവസത്തെ പാക്കേജിന് 770 രൂപയാണ് ഈടാക്കുന്നത്. രാവിലെ 6 നായിരിക്കും ഡിപ്പോയിൽ നിന്നും വാഹനം പുറപ്പെടുക.
ഈ മാസം കൊല്ലം ഡിപ്പോയിൽ നിന്നുള്ള മറ്റൊരു യാത്ര ആഴിമലയിലേക്കാണ്. കടല്‍ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന് തൊട്ടരികെ കടലിന് അഭിമുഖമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്. ഇവിടുത്ത ശിവ പ്രതിമയാണ് പ്രധാന കാഴ്ചകളിൽ ഒന്ന്. 29 ന് രാവിലെയാണ് യാത്ര പുറപ്പെടുന്നത്. യാത്രകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9747969768 , 9496110124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.