പത്തനംതിട്ട : കെ.എസ്.ആർ.ടി.സി.യുടെ ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ-വാഗമൺ ടൂർ പാക്കേജ് എങ്ങും എത്താതെ ഇഴഞ്ഞു തന്നെ. കെ.എസ്.ആർ.ടി.സി.യുടെ ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ-വാഗമൺ ടൂർ പാക്കേജ് സർവീസുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നു. ടൂർ പാക്കേജ് സർവീസിനായി മൂന്ന് ബസുകളും ഡിപ്പോ അധികൃതർ തയ്യാറാക്കിയിട്ടിട്ട് നാളുകളായി. എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ സർവീസ് നടത്താനാകുന്നില്ല.
ഒരാൾക്ക് 700 രൂപയാണ് ചാർജ്. വനമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് വനംവകുപ്പിന് അടയ്ക്കേണ്ട 100 രൂപയുടെ പാസ് ഉൾപ്പെടെയാണിത്. 36 സീറ്റുള്ള ഓർഡിനറി ബസാണ് സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനവും ഇതോടൊപ്പമുണ്ട്. രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ ബസ് പത്തനംതിട്ടയിൽ തിരിച്ചെത്തും. വാഗമണ്ണിൽനിന്ന് മുണ്ടക്കയം വഴിയാണ് മടക്കയാത്ര. അനുമതി ലഭിച്ചാൽ കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനം നൽകുന്ന പാക്കേജാണിത്. ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട് പല വാഗ്ദാനങ്ങളും ശൂന്യതയില്‍ തന്നെയാണ് നില്‍ക്കുന്നത്.