പത്തനംതിട്ട : ജനറൽ ആശുപത്രിയുടെ ഭരണചുമതല നഗരസഭയിൽ നിലനിർത്തണം എന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ച് കൗൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി. നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉപാദ്ധ്യക്ഷനുമായ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് നിലവിൽ ആശുപത്രിയുടെ ഭരണചുമതല നിർവ്വഹിക്കുന്നത്. സംസ്ഥാന സർക്കാർ ജില്ലാ പഞ്ചായത്തിന് ചുമതല നൽകിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇങ്ങനെ ഒരു തീരുമാനം സംബന്ധിച്ച് നഗരസഭയുമായി കൂടിയാലോചന നടത്തുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിൽ സംസ്ഥാനത്ത് ഒരു ആശുപത്രിയുടെയും ചുമതല സമീപകാലത്ത് കൈമാറിയിട്ടില്ല എന്നും ഇങ്ങനെ ഒരു തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പുനഃപരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ആശുപത്രിയുടെ ഭരണ ചുമതല കൈമാറിയതുമായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഹൈക്കോടതിയെ സമീപിക്കുകയും തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ 50 ലക്ഷം രൂപയും പേവാർഡ് നവീകരണത്തിന് 35 ലക്ഷം രൂപയും ഉൾപ്പെടെ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് കാര്യക്ഷമമായ ഇടപെടലുകൾ നഗരസഭ നടത്തിവരികയാണ്. 1994 കേരള മുൻസിപ്പാലിറ്റി ആക്ട് 30-ാം വകുപ്പ് (9)-ാം ഉപവകുപ്പ് പ്രകാരം നഗരസഭയ്ക്ക് കൈമാറിയിട്ടുള്ള പൊതു ആരോഗ്യ സ്ഥാപനമായ ജനറൽ ആശുപത്രിയുടെ ഭരണ ചുമതല നഗരസഭയിൽ തന്നെ നിക്ഷിപ്തമാകണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.