കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികള്‍. കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം ചുമന്ന് താഴെ എത്തിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയില്‍ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു.





























