മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്. ലീപ്സിഗ് വിമാനത്താവളത്തിലെ ഡ്രോൺ സംഭവത്തിന് പിന്നാലെ റഷ്യൻ നയതന്ത്ര, സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരെ ജർമനി സ്വീകരിച്ച നടപടികളാണ് പുതിയ വാക്‌പോരിന് കാരണമായത്. ഓഗസ്റ്റ് നാലിന് കിഴക്കൻ ജർമനിയിലെ തന്ത്രപ്രധാനമായ ലീപ്സിഗ് വിമാനത്താവളത്തിലെ സുരക്ഷിത ചരക്ക് മേഖലയിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തിയിരുന്നു. ഒരു യുക്രെയ്ൻ ചരക്ക് വിമാനത്തിന് സമീപത്തായിരുന്നു ഡ്രോൺ കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് സെപ്റ്റംബർ ഒന്നിന് ജർമൻ സർക്കാർ ആരോപിച്ചു. ഇതിന് പിന്നാലെ ബോണിലെ റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടുകയും ബെർലിനിലെ റഷ്യൻ ഹൗസിന്റെ കരാർ അവസാനിപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് ജർമനി വീണ്ടും യുദ്ധത്തിന് ആഗ്രഹിക്കുന്നുവെന്ന ആരോപണവുമായി ലാവ്റോവ് രംഗത്തെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുണ്ടായ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്നതാണ് ജർമനിയുടെ ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം പറഞ്ഞു. ജർമനി നാസിസത്തിലേക്ക് തിരിയുകയാണെന്നും ആരോപിച്ച ലാവ്റോവ്, റഷ്യൻ നേതൃത്വം ഇതിൽനിന്ന് ഉചിതമായ നിഗമനങ്ങളിലെത്തുമെന്നും വ്യക്തമാക്കി.
അതേസമയം, ഡ്രോൺ ആക്രമണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യയും മറ്റ് രഹസ്യാന്വേഷണ വിവരങ്ങളും പരിശോധിച്ച ശേഷമാണ് റഷ്യയുടെ പങ്ക് സംബന്ധിച്ച നിഗമനത്തിലെത്തിയതെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പറഞ്ഞുഡ്രോണിന്റെ ഘടന, വിവിധ ഘടകങ്ങൾ, സ്ഫോടകവസ്തുക്കൾ, സ്ഫോടനം നടത്താനുള്ള സംവിധാനങ്ങൾ എന്നിവ റഷ്യയുടെ മറ്റ് ഹൈബ്രിഡ് ആക്രമണങ്ങളിലും യുക്രെയ്ൻ യുദ്ധത്തിലും ഉപയോഗിച്ചവയുമായി സാമ്യമുണ്ടെന്നാണ് ജർമനിയുടെ വിശദീകരണം. ലീപ്സിഗ് സംഭവം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്നും ജർമനിയെ ലക്ഷ്യമിട്ടുള്ള കൂടുതൽ ഹൈബ്രിഡ് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും ഡോബ്രിൻഡ് പറഞ്ഞു.
യുദ്ധത്തിലല്ലെങ്കിലും ദിവസേന ഹൈബ്രിഡ് യുദ്ധത്തിന്റെ ലക്ഷ്യമായി ജർമനി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തിൽ യൂറോപ്യൻ യൂണിയനും ഇടപെട്ടിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പുതിയ ഉപരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്തു. സംഭവത്തിന് സർക്കാർ പിന്തുണയുള്ള ഭീകരപ്രവർത്തനത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കയാ കാലാസ് പറഞ്ഞു. ലീപ്സിഗ് വിമാനത്താവളത്തിലെ ഡ്രോൺ സംഭവത്തെ ചൊല്ലി റഷ്യയും ജർമനിയും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്.

































