ആപ്പിൾ ദീപാവലി സെയിൽ (Apple Diwali Sale) ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഫോൺ 15 (iPhone 15), മാക്ബുക്ക് എയർ, ഐപാഡുകൾ, മറ്റ് ഡിവൈസുകൾ എന്നിവക്കെല്ലാം വലിയ വിലക്കിഴിവുകളാണ് കമ്പനി നൽകുന്നത്. ആപ്പിൾ സ്റ്റോറിൽ ദീപാവലിയോട് അനുബന്ധിച്ച് നൽകുന്ന ഓഫറുകളെല്ലാം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിന് പുറമെ ആപ്പിൾ ബികെസി ആപ്പിൾ സാകേത് റീട്ടെയിൽ സ്റ്റോറുകളിലും ദീപാവലി സെയിൽ ആരംഭിച്ചിട്ടുണ്ട്.
ആപ്പിൾ ഉത്പന്നങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവുകളാണ് ദീപാവലി സെയിലിലൂടെ ലഭിക്കുന്നത്. ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും 6,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവോടെ ദീപാവലി സെയിൽ സമയത്ത് ലഭിക്കും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ 5,000 രൂപ ക്യാഷ്ബാക്ക് ഓഫറോടെയാണ് വിൽപ്പനക്കെത്തുന്നത്. ഈ ഫോണുകളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ആപ്പിൾ ഐഫോൺ 15യുടെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഐഫോൺ 15 പ്ലസ് മോഡലിന്റെ വില ആരംഭിക്കുന്നത് 89,900 രൂപ മുതലാണ്.
ഐഫോൺ 15 പ്രോയുടെ വില 1,34,900 രൂപയും ആപ്പിളിന്റെ ഏറ്റവും പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ വില 1,59,900 രൂപയുമാണ്. ഐഫോൺ 13 മോഡലിന് ഇപ്പോൾ 59,900 രൂപയാണ് വില. എംആർപിയായി നൽകിയിട്ടുള്ള വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്കാണ് ദീപാവലി സെയിൽ സമയത്ത് ഐഫോണുകൾ ലഭ്യമാകുന്നത്. ആപ്പിൾ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച മാക്ബുക്ക് എയർ എം2 ലാപ്ടോപ്പ് ഇപ്പോൾ 10,000 രൂപ ക്യാഷ്ബാക്ക് ഓഫറിൽ ലഭ്യമാണ്. 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകൾക്ക് മാത്രമേ ഈ ഓഫർ ബാധകമാകൂ. 13 ഇഞ്ച് മാക്ബുക്ക് എയർ എം2 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത് 1,14,900 രൂപ വിലയുമായിട്ടാണ്. മാക്ബുക്ക് എയർ എം1 വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 8,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഈ മോഡലിന്റെ യഥാർത്ഥ വില 99,900 രൂപയാണ്. ആമസോൺ ഈ മാക്ബുക്ക് വിൽക്കുന്നത് 69,990 രൂപയ്ക്കാണ്.