പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പു കേസില്‍ ജി ആന്‍ഡ് ജി ഫിനാന്‍സ് സ്ഥാപനത്തിന്റെ എം ഡിമാരിലൊരാളെ കോയിപ്രം പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്തു. തെള്ളിയൂര്‍ ശ്രീരാമസദനം വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ സിന്ധു വി നായരെ (58)യാണ് അട്ടക്കുളങ്ങര വനിതാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മുരുപ്പേല്‍ വീട്ടില്‍ ശ്രീജ വാദിയായ കേസിലാണ് അറസ്റ്റ്. ശ്രീജയില്‍ നിന്നും 23,25,000 രൂപ നിക്ഷേപമായി കബളിപ്പിച്ചെടുക്കുകയായിരുന്നു.
നേരത്തെ പി ആര്‍ ഡി ഫിനാന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിച്ച സ്ഥാപനം പിന്നീട് ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന് പേര് മാറ്റി തെള്ളിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ജി ആന്‍ഡ് ജി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 500 ലധികം കേസുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.