ഇസ്ലാമാബാദ് : വന്‍ ഹിമപാതത്തില്‍ മഞ്ഞുമൂടിയ മൂന്നുനിലവീട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടി 18 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലാണ് സംഭവം. സാമിനാ ബീവി എന്ന പന്ത്രണ്ടുകാരിയുടെ വീടിനുമുകളിലേക്ക് ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തില്‍ മഞ്ഞ് വീണു. ബുധനാഴ്ച ദുരന്തനിവാരണ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാല്‍ ഒടിഞ്ഞ്, വായില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്ന സാമിനയെ മുസാഫറാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ രക്ഷപ്പെട്ടത് അത്ഭുതമല്ലാതെ വേറൊന്നുമല്ലെന്ന് അമ്മ ഷഹനാസ് പറഞ്ഞു. ഷഹനാസിന്റെ മറ്റൊരു മകളും മകനും മരിച്ചു.
പാകിസ്ഥാനിലെ വിവിധ ഇടങ്ങളിൽ ഹിമപാതത്തിലും മഞ്ഞ് വീഴ്ചയിലുമായി ഇതുവരെ 114 പേരാണ് മരിച്ചത്. ഹിമപാതം ഏറ്റവും രൂക്ഷമായി ബാധിച്ച നീലം താഴ്‌വരയില്‍ മാത്രം 76 പേര്‍ മരിച്ചു. ബലൂചിസ്ഥാനിൽ 31 പേർ മരിച്ചു.