ദില്ലി: ആഗോള തലത്തില്‍ അരി വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ, അടുത്തിടെ വിവിധ ഇടങ്ങളിലേക്കുള്ള കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയതോടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. നേരത്തെ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിക്കുമെന്ന് ഉപഭോക്തൃ കാര്യ, ഭക്ഷ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ നീക്കം രാജ്യത്തെ അരി ലഭ്യത ഉറപ്പ് വരുത്തുവാനും, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ആഗോള അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിലാണ്. അതിനാല്‍ തന്നെ ഈ തീരുമാനം അരി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സിറിയ, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാവും ഇത് ബാധിക്കുക. ഈ രാജ്യങ്ങളെല്ലാം നിലവില്‍ ഉയര്‍ന്ന ഭക്ഷ്യ-വിലക്കയറ്റം മൂലം വീര്‍പ്പ് മുട്ടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ആഗോള ഡിമാന്‍ഡ് കണക്കിലെടുത്ത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി വാര്‍ഷിക അനുപാദത്തില്‍ 35 ശതമാനം ഉയര്‍ന്നതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.