ഡൽഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവത്‌കരണം നടത്താൻ ബി.ജെ.പി സംഘടിപ്പിച്ച ഗൃഹസമ്പർക്ക പരിപാടിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ ഗോബാക്ക് വിളിച്ച പെൺകുട്ടികൾ ഫ്ളാറ്റ് ഒഴിയണമെന്ന് ഉടമ. ഇന്ന് തന്നെ ഒഴിയാനാണ് രണ്ട് പെൺകുട്ടികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികൾ ഇന്ന് തന്നെ ഫ്ളാറ്റ് ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.
നിയമത്തെ കുറിച്ച് വിശദീകരിക്കാൻ ഡൽഹിയിലെ ലജ്പത് നഗറിൽ എത്തിയപ്പോൾ കോളനി നിവാസികൾ ഗോബാക്ക് വിളിച്ചാണ് പ്രതിഷേധിച്ചത്. മൂന്ന് വീടുകളിൽ കയറി നിയമത്തെ കുറിച്ച് വിശദീകരിക്കാനാണ് അമിത് ഷാ എത്തിയത്. ആദ്യ വീട്ടിൽ കയറി വിശദീകരിച്ചതിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ട് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തിയത്. ‘അമിത് ഷാ ഗോബാക്ക്’ വിളിച്ച പെൺകുട്ടികൾ ഒരു ബാനറിൽ ‘ഷെയിം’ എന്ന് രേഖപ്പെടുത്തിയാണ് പ്രതിഷേധിച്ചത്.
അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതിന് പിന്നാലെ പെൺകുട്ടികളും പ്രദേശത്ത് ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. യുവതികൾ തൂക്കിയ ബാനർ ബി.ജെ.പി പ്രവർത്തകർ നീക്കുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടികൾക്ക് പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.